11:12am 10 August 2026
NEWS
23.14 ലക്ഷം പേർക്ക് ഇനി ക്ഷേമ പെൻഷൻ കിട്ടണമെങ്കിൽ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യണം
10/08/2026  07:38 AM IST
nila
 23.14 ലക്ഷം പേർക്ക് ഇനി ക്ഷേമ പെൻഷൻ കിട്ടണമെങ്കിൽ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യണം

പാലക്കാട്: വാതിൽപ്പടി ക്ഷേമപെൻഷൻ വിതരണം അവസാനിപ്പിക്കുന്നതോടെ സംസ്ഥാനത്ത് 23.14 ലക്ഷം ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് വഴിയുള്ള പെൻഷൻ വിതരണത്തിലേക്ക് മാറേണ്ടിവരും. പെൻഷൻ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കണം. എന്നാൽ ഇതിനായി ഗുണഭോക്താക്കൾക്ക് സാവകാശം അനുവദിക്കും. ആധാറുമായി ഇതിനകം ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുള്ളവർക്ക് പുതിയ അക്കൗണ്ട് തുടങ്ങേണ്ടതില്ല. നിലവിലുള്ള അക്കൗണ്ട് തന്നെ ക്ഷേമപെൻഷൻ ലഭിക്കുന്നതിനായി ഉപയോഗിക്കാം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് പുതിയ അക്കൗണ്ട് തുറന്ന് ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ സമയം നൽകും.

സംസ്ഥാനത്ത് നിലവിൽ 51,10,908 പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതിൽ 27,95,912 പേർ ബാങ്ക് അക്കൗണ്ട് വഴിയും 28,14,996 പേർ വാതിൽപ്പടി വിതരണത്തിലൂടെയുമാണ് പെൻഷൻ കൈപ്പറ്റുന്നത്. വാതിൽപ്പടി പെൻഷൻ വാങ്ങുന്നവരിൽ വലിയൊരു വിഭാഗത്തിനും ഇതിനകം ബാങ്ക് അക്കൗണ്ടുണ്ടാകാമെന്നാണ് ധനവകുപ്പിന്റെ കണക്ക്. തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിനാൽ ഇവരിൽ പലർക്കും പുതിയ അക്കൗണ്ട് നടപടികൾ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ.

ചില വിഭാഗങ്ങൾക്ക് ഇളവ്

കിടപ്പുരോഗികൾ, ബാങ്കിലെത്താൻ കഴിയാത്ത ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് പരിഷ്‌കരണത്തിൽ പ്രത്യേക ഇളവ് നൽകും. ഇവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. 2016 ഏപ്രിൽ വരെ ക്ഷേമപെൻഷൻ പോസ്റ്റോഫീസ് വഴിയായിരുന്നു വിതരണം ചെയ്തിരുന്നത്. പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയാക്കാൻ തീരുമാനിച്ചെങ്കിലും അക്കൗണ്ട് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നു. ഇതോടെയാണ് താൽപര്യമുള്ളവർക്ക് പ്രാഥമിക സഹകരണസംഘങ്ങൾ വഴി പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചത്. 2016 ജൂൺ മുതൽ ഈ രീതിയിലാണ് വിതരണം തുടരുന്നത്.

ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാത്തതിന്റെ പേരിൽ അടുത്ത മാസങ്ങളിൽ പെൻഷൻ മുടങ്ങില്ലെന്നാണ് പെൻഷൻ വിഭാഗം വ്യക്തമാക്കുന്നത്. പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് ഉടൻ പുറത്തിറങ്ങും. അതേസമയം, ഓണത്തിന് മുമ്പ് ഓഗസ്റ്റ് മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img